pocket-294x300ഖുര്‍ആന്‍ പഠനവും അതിന്റെ ആശയം ഗ്രഹിക്കലും മലയാളി മുസ്‌ലിം സമൂഹത്തിനു പുതിയ അനുഭവമല്ല. ഖുര്‍ആന്‍ പഠനസഹായികളും വിവരണങ്ങളും മലയാളഭാഷയില്‍ വേണ്ടത്രയുണ്ട്. ഖുര്‍ആന്റെ ആശയങ്ങള്‍ മുസ്‌ലിം ജനസാമാന്യത്തില്‍ എത്തിക്കുന്നതില്‍ അവ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതൊക്കെയുണ്ടായിട്ടും ഖുര്‍ആന്‍ ഓതുമ്പോഴും ശ്രവിക്കുമ്പോഴും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്ന വിതാനത്തിലേക്ക് ഒരു ശരാശരി മുസ്‌ലിം ഉയര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിത്യവും പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ഇപ്പോഴും ഗ്രഹിക്കാന്‍ കഴിയുന്നവര്‍ പണ്ഡിതന്‍മാരിലും അറബി അറിയുന്നവരിലും മാത്രമായി ഒതുങ്ങുന്നു.
ലോകര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമാണ് ഖുര്‍ആന്‍ (2: 185) എന്നാണ് ഖുര്‍ആന്റെ തന്നെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് മനസ്സിലാകാത്തതോ സാധാരണക്കാരന് ദുര്‍ഗ്രാഹ്യമോ അല്ല ഖുര്‍ആന്‍. ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം അവര്‍ക്കു തന്നെ മനസ്സിലാകാത്തതായിരിക്കുകയോ? ഒരിക്കലുമില്ല. ഖുര്‍ആന്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനാകാത്ത വേദഗ്രന്ഥമാണെന്നും പണ്ഡിതന്‍മാരുടെ സഹായത്തോടെ മാത്രമേ അതു മനസ്സിലാക്കാനാകൂ എന്നുമുള്ള ഒരു പൊതുധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഖുര്‍ആന്‍ വളരെ എളുപ്പമാണെന്ന് (എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്) അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘ഈ ഖുര്‍ആനെ നാം ഉദ്‌ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു’. (ഖുര്‍ആന്‍ ഗ്രഹിക്കല്‍ എളുപ്പമാക്കിയിരിക്കുന്നു). 54: 17, 54: 22, 54: 32, 54: 40
ഖുര്‍ആന്‍ പഠനത്തിന് ആദ്യമായി ചെയ്യേണ്ടത് ഖുര്‍ആന്‍ ഗ്രഹിക്കല്‍ പ്രയാസരഹിതമാണെ് സ്വയം ബോധ്യമുണ്ടാവുകയാണ്. ഖുര്‍ആന്‍ പഠനം സങ്കീര്‍ണ്ണമാണെന്ന് നേരത്തെതന്നെ മനസ്സില്‍ രൂഢമൂലമായ ധാരണയെ തകര്‍ത്തെറിഞ്ഞ് ഖുര്‍ആന്‍ പഠനം എളുപ്പമാണെന്നും സുഗ്രാഹ്യമാണെന്നും മനസ്സില്‍ സ്ഥാപിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ ഗ്രഹിക്കല്‍ കാലങ്ങളായി പ്രയാസകരമായി തുടരുന്നതില്‍ ഈ മാനസികാവസ്ഥക്കും വലിയ പങ്കുണ്ടെന്ന് നാം തിരിച്ചറിയണം.

പഠനകാലയളവ്

അര മണിക്കൂര്‍ കൊണ്ട് പഠിക്കാവുന്ന 104 യൂണിറ്റുകളായാണ് ഈ കോഴ്‌സിലെ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ അരമണിക്കൂര്‍ വീതം ക്ലാസിന് ചിലവഴിക്കുന്ന ഒരാള്‍ക്ക് പരമാവധി രണ്ടു വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാം. ഒരു മണിക്കൂര്‍ വീതം നിത്യേന ക്ലാസ്സിന് ചിലവഴിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊണ്ടും രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്നവര്‍ക്ക് ആറു മാസം കൊണ്ടും പഠനം പൂര്‍ത്തീകരിക്കാം.

ലക്ഷ്യം

സാധാരണക്കാരനെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക. പണ്ഡിതന്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഒന്നല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതവും ഗ്രാഹ്യവുമാണ് ഖുര്‍ആന്‍ എന്നതുമാണ് ഈ കോഴ്‌സിലൂടെ നാം മുന്നോട്ടു വയ്ക്കുന്ന സന്ദേശം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു പോലെ ഹുദന്‍ ലിന്നാസ് ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമായി ഇതു പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ കോഴ്‌സിലൂടെ.

എന്താണ് അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം?

സാധാരണ ഖുര്‍ആന്‍ വ്യാഖ്യാനം പോലെ ഖുര്‍ആനിക സൂക്തങ്ങളുടെ അര്‍ത്ഥവും ആശയവും വിവരിക്കുന്ന ഒരു ഖുര്‍ആന്‍ തഫ്‌സീറല്ല അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം. ഖുര്‍ആനിക പദങ്ങളില്‍ ഊന്നി ഭാഷയില്‍ കേന്ദ്രീകരിച്ച് ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള ലളിതവും ഫലപ്രദവും കാലദൈര്‍ഘ്യം കുറഞ്ഞതുമായ ഒരു ഖുര്‍ആന്‍ പഠന രീതിയാണിത്. ഖുര്‍ആന്‍ പഠനത്തിനുള്ള ഒരു നൂതന സംവിധാനം.

മനുഷ്യമനസ്സിന്റെ ഗ്രാഹ്യശേഷിയും ഖുര്‍ആനിക പദങ്ങളുടെ ആവര്‍ത്തനക്രമവും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ പാഠ്യപദ്ധതി. തലച്ചോറിന്റെ പ്രവര്‍ത്തന രീതി, Multiple Intelligence Theory, Positive Thinking, Creative life, Time Resource Management, Neuro Linguistic Programming, ഉപഭാഷാ പഠനം, പദപഠന ശേഷി തുടങ്ങിയ വിഷയങ്ങളില്‍ Stephen Covey, Dr. Howard Gardner, Tony Buzan തുടങ്ങിയ ആധുനിക ബുദ്ധി ജീവികളും മാനേജ്‌മെന്റ് ട്രൈനേഴ്‌സും രചിച്ചിട്ടുള്ള വിവിധ ഗ്രന്ഥങ്ങള്‍ പഠ്യപദ്ധതി ക്രമീകരിക്കുതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Undestrand Quran Academy, Hyderabad ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും മലയാളം അടക്കം ലോകത്തിലെ 25 ഓളം ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഡോ. അബ്ദുല്‍ അസീസ് അബ്ദുര്‍ റഹീമിന്റെ Undestrand Quran; The Easy Way എന്ന ഖുര്‍ആന്‍ പഠന പദ്ധതിയുടെ പരിഷ്‌ക്കരിച്ച രൂപമാണ് അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം.

ഈ പാഠ്യപദ്ധതി പ്രയോജനപ്പെടുന്നത് ആര്‍ക്ക്

അറബി ഭാഷ ആഴത്തില്‍ പഠിച്ചിട്ടില്ലാത്തവരും എന്നാല്‍ മുസ്ഹഫില്‍ നോക്കി ഖുര്‍ആന്‍ ഓതുകയും അത്യാവശ്യം അറബി അക്ഷരങ്ങള്‍ എഴുതാനും കഴിയുന്ന ഏതൊരു മലയാളിക്കും ഈ കോഴ്‌സ് പഠിക്കാം. സാധാരണ തഫ്‌സീര്‍ പഠനങ്ങളില്‍ നിന്ന് ഭിന്നമായി ഈ കോഴ്‌സില്‍ പഠിതാവ് അറബി ഭാഷ കൂടി പഠിപ്പിക്കപ്പെടുകയും. ഖുര്‍ആനിലെ അറബി പദങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഈ കോഴ്‌സിലൂടെ പഠിപ്പിക്കപ്പെടുകയും. അവ പഠിക്കുക വഴി ഖുര്‍ആനില്‍ മറ്റിടങ്ങളിലും ഇതു പോലെ ആവര്‍ത്തിച്ചു വിട്ടുള്ള പദങ്ങളുടെ ആശയം മനസ്സിലാക്കാന്‍ പഠിതാവ് പ്രാപ്തനാകുകയും.
മള്‍ട്ടി മീഡിയ ഉപയോഗപ്പെടുത്തിയിട്ടുള്ള പഠനമാണെങ്കിലും കമ്പ്യൂട്ടര്‍ നിരക്ഷരര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സജ്ജീകരിച്ചിരിക്കുന്നത്. ഡി. വി. ഡി. ഒഴികെയുള്ള പഠനോപകരണങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ക്കും ഈ കോഴ്‌സ് പഠിക്കാം.

പഠനം ഫലപ്രദമാക്കാന്‍ ചില നിര്‍ദേശങ്ങള്‍

 
  • അതീവ താല്‍പ്പര്യത്തോടെയും ഉന്‍മേഷത്തോടെയും സന്തോഷത്തോടെയും പഠിക്കൂക.
  • ഓരോ യൂനിറ്റും നിര്‍ദേശിക്കപ്പെട്ട പ്രകാരം അതത് ആഴ്ചയില്‍ത്തന്നെ പഠിച്ചു തീര്‍ത്താല്‍ ആദ്യ യൂണിറ്റുകള്‍പോലെ പിന്നീടുള്ളവയും പ്രയാസരഹിതമായി അനുഭവപ്പെടും.
  • ഖുര്‍ആന്‍ മുപ്പതില്‍ ഒരു ഭാഗമാണ് നാം പാഠഭാഗമായി നിശ്ചയിച്ചിരിക്കുന്നത്. പാഠങ്ങള്‍ ആവര്‍ത്തിച്ച് പഠിച്ച് ഹൃദിസ്ഥമാക്കിയെങ്കില്‍ മാത്രമേ അത് പിന്നീട് ഫലം ചെയ്യുകയുള്ളൂ. കൂടുതല്‍ അഭ്യസിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നു.
  • ഓരോ ഭാഗവും പഠിച്ചു തീര്‍ന്നാല്‍ വര്‍ക്ക് ബുക്കില്‍ ആ ഭാഗം പൂരിപ്പിച്ച് സ്വയം തന്നെ വലിയിരുത്തുക. കൂടുതല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പാഠം ഒന്നു കൂടി പഠിക്കൂക.
  • ശ്രേഷ്ഠമായ പ്രമാണം ഓര്‍ത്തിരിക്കുക. ഞാന്‍ കേള്‍ക്കുന്നു – ഞാന്‍ മറക്കുന്നു ഞാന്‍ കാണുന്നു – ഞാന്‍ ഓര്‍മ്മിക്കുന്നു. ഞാന്‍ അഭ്യസിക്കുന്നു. – ഞാന്‍ പഠിക്കുന്നു. അതിനാല്‍ പഠനോപകരണങ്ങള്‍ ഓരോന്നിനും പ്രാധാന്യമുണ്ട്. അവയെല്ലാം യഥാവിധി പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് ഈ പാഠ്യപദ്ധതിയുടെ വിജയം.
  • ഒന്നിലധികം പേര് ഒരുമിച്ചു പഠിച്ചാല്‍ പരസ്പരം ചര്‍ച്ച ചെയ്യാനും അതുമുഖേന കൂടുതല്‍ പ്രയോജനം ലഭിക്കാനും സഹായകമാകും.

പാഠഭാഗം; പഠനരീതി

സൂറതുല്‍ ഫാതിഹയും ഖുര്‍ആനിലെ 37 അധ്യായങ്ങളുമടങ്ങുന്ന പാഠഭാഗം 104 ചെറിയ യൂണിറ്റുകളായി തിരിച്ചിരിക്കുന്നു. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മൂന്നക്ഷരങ്ങളുള്ള അടിസ്ഥാനക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷരക്രിയകളുമടക്കം 17 ഗ്രൂപുകളിലായി നൂറിലധികം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും ഇതൊടൊപ്പം പഠനവിധേയമാക്കുന്നു. പുറമെ ഖുര്‍ആനിലെ ഹുറൂഫുകളും അദവാതുകളും അവ്യയങ്ങളും കോഴ്‌സില്‍ പഠിപ്പിക്കപ്പെടുന്നു. ഇതോടെ പഠിതാവ് ഖുര്‍ആനിലെ 80 ശതമാനം പദങ്ങളും പഠിക്കും.

പാഠ്യപദ്ധതി ആത്യന്തം മള്‍ട്ടിമീഡിയ ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. പവര്‍ പോയിന്റ് പ്രസന്റേഷന്‍, എം.പി.ത്രി, പോക്കറ്റ് ഗൈഡ്, വര്‍ക് ബുക്ക്, എളുപ്പം ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് തൂക്കാവുന്ന കലണ്ടര്‍ എന്നിവ പഠനോപകരണങ്ങളില്‍പെടുന്നു. Total Physical Interaction (സമ്പൂര്‍ണ്ണ ശാരീരിക പങ്കാളിത്തം) മാണ് ഈ കോഴ്‌സിന്റെ മറ്റൊരു സവിശേഷത.

പഠിതാവ് പഠനവേളയില്‍ തന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന പഠനരീതിയാണത്. കേള്‍വി, കാഴ്ച, സംസാരശേഷി, ചിന്താശേഷി, എഴുത്ത് എല്ലാം ശേഷികളും ഉപയോഗപ്പെടുത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം ഒരോ രണ്ടോ ജ്ഞാനേന്ദ്രിയങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഫലമാണ് ഇവ എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള പഠന രീതിയിലൂടെ പഠിതാവിന് കരസ്ഥമാക്കാന്‍ കഴിയുക.

ഖുര്‍ആന്‍ പഠനത്തിന് സാധാരണക്കാരന്‍ പൊതുവായി സ്വീകരിച്ചു പോരുന്ന പഠനരീതിയാണ്, ഖുര്‍ആന്‍ ഗ്രഹിക്കല്‍ അപ്രാപ്യമായി തുടരാന്‍ മറ്റൊരു കാരണം. ഖുര്‍ആന്‍ തഫ്‌സീറുകള്‍ നോക്കി ആയതിന്റെ മൊത്തം അര്‍ത്ഥം വായിച്ചു പോകുന്ന പഠിതാവ് ആയതിന്റെ പൂര്‍ണ്ണാര്‍ത്ഥം മനസ്സിലാക്കുമെങ്കിലും വാക്കുകള്‍ തിരിച്ച് അവന്‍ ഖുര്‍ആന്‍ പഠിക്കുന്നില്ല. അറബി പദങ്ങളുടെ വ്യത്യസ്ത രൂപങ്ങളോ അതിന്റെ പദഘടനയോ അവന്റെ പഠനവിഷയമാകുന്നില്ല. അറബി ഭാഷയിലേക്കു അല്‍പം പോലും ഇറങ്ങിച്ചെല്ലാതെയും വ്യാകരണത്തിന്റെ ബാലപാഠങ്ങള്‍ പോലും മനസ്സിലാക്കാതെയും സൂക്തങ്ങളുടെ മൊത്തം അര്‍ത്ഥം പഠിക്കാന്‍ മെനക്കെടുന്ന പഠിതാവ് ഏറെ താമസിയാതെ അവയുടെ അര്‍ത്ഥം മറന്നു പോകുന്നു.ഒരിക്കല്‍ പഠിച്ച വാക്കുകളോ അതിന്റെ വ്യത്യസ്ത രൂപങ്ങളോ പിന്നീട് ആവര്‍ത്തിച്ചു വായിച്ചാലും അര്‍ത്ഥമറിയാതെ വീണ്ടും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ അവന് അവലംബിക്കേണ്ടി വരുന്നു.ഇംഗ്ലീഷ് പോലുള്ള അന്യഭാഷകള്‍ മനസ്സിലാക്കാനും അനായാസം കൈകാര്യം ചെയ്യാനും കഴിവ് ആര്‍ജ്ജിച്ചെടുത്ത പലരും കാലങ്ങളായി ഖുര്‍ആന്‍ പഠനത്തില്‍ മുഴുകിയിട്ടും ഖുര്‍ആന്റെ അര്‍ത്ഥം സ്വയം ഗ്രഹിക്കാന്‍ കഴിയുന്ന വിതാനത്തിലേക്കു ഉയര്‍ന്നിട്ടില്ല എന്നതാണ് ഇതിന്റെ പരിണിതഫലം.

നമ്മുടെ പൊതു വിദ്യാഭ്യാസ ക്രമവും ബോധനോപാധികളും ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസൃതമായി കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പഠന രീതി, നാം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. ഖുര്‍ആന്‍ പഠനം ദുഷ്‌ക്കരമായി തുടരുന്നതിന്റെ മറ്റൊരു കാരണമാണിത്. ഈ ഒരു പരിമിതികളെ മറികടക്കാനുള്ള എളിയ സംരംഭമാണ് അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയുന്ന ഏതൊരു സാധാരണക്കാരനും അതിന്റെ ആശയം കൂടി മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഈ കോഴ്‌സിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.