ശാസ്ത്രത്തിന്‌ ലഭ്യമായ വിവരങ്ങളനുസരിച്ച്‌, ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെ ടെ ഒന്‍പത്‌ ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന ‘സൌരയൂഥം’ എന്ന കുടുംബം, ‘ആകാശഗംഗ’ എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട്‌ നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട്‌ നമ്മുടെ പ്രപഞ്ചത്തില്‍ . തീരെ ചെറിയ നക്ഷത്രങ്ങള്‍ക്കു തന്നെ ഭൂമിയുടെ പത്ത്‌ ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്‍ണ്ണത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല്‌ ലക്ഷം കിലോമീറ്റര്‍ . ഭൂമിയില്‍ നിന്ന്‌ സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച്‌ കോടി കിലോമീറ്റര്‍ . സെക്കന്‍ഡില്‍ മൂന്ന്‌ ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു പ്രകാശവര്‍ഷം. (അതായത്‌ 94,60,80,00,00,000 കിലോമീറ്റര്‍ ) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്‍ഷമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്‍ഭവസമയത്ത്‌ രൂപപ്പെട്ടതെന്നു കരുതുന്ന ഏറ്റവും പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത്‌ ഇത്രയും ദൂരെയാണ്‌. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളതെന്ന്‌ ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം.

ജീവന്‍ നിലനില്‍ക്കാനാവശ്യമായ വായു, വെള്ളം, വെളിച്ചം ഇവയെല്ലാം ഇവിടെ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു ലക്ഷത്തിലേറെ വരുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ട്‌ ഇവിടെ. മനുഷ്യന്‍ എന്ന ജീവി ഇതില്‍ ഒന്നുമാത്രം. മനുഷ്യര്‍ തന്നെയുണ്ട്‌ 600 കോടിയിലേറെ. മനുഷ്യരുടെ അനേകമിരട്ടി വരുന്ന എത്രയോ ജീവിവര്‍ഗ്ഗങ്ങള്‍ . കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവജാലങ്ങളുണ്ട്‌ കടലില്‍ . ഇവയുടെയെല്ലാം നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങുമെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട്‌ ഇവിടെ. ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന്‌ വലുപ്പം മാത്രമുള്ള ‘കോശ’ങ്ങളാലാണ്‌ ഓരോ ജൈവവസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. താളക്രമത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന്‌ സൂക്ഷ്മ വസ്തുക്കളുണ്ട്‌ ഒരു കോശത്തില്‍ . ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പവര്‍സ്റ്റേഷനുകളും, ജീവന്റെ നിലനില്‍പ്പിനാവശ്യമായ എന്‍സൈമുകളും ഹോര്‍മോണുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ , കോശപ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പറ്റി പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാബേങ്ക്‌, സങ്കീര്‍ണ്ണമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ , സംഭരണശാലകള്‍ , ഉന്നതമായ പരീക്ഷണശാലകള്‍ , ശൂദ്ധീകരണശാലകള്‍ , ഉള്ളിലേയ്ക്ക്‌ പോകുന്നവരെയും പുറത്തേയ്ക്കു പോകുന്നവരെയും സ്വയം നിയന്ത്രിക്കുന്ന മതില്‍കെട്ട്‌ ഇവയെല്ലാമുള്ള ഒരു പട്ടണത്തോട്‌, ഒരു കോശത്തെ ഉപമിക്കാം. ഇത്തരത്തിലുള്ളഏകദേശം 100 ലക്ഷം കോടി കോശങ്ങളുണ്ടത്രെ, ഒരു മനുഷ്യശരീരത്തില്‍ . എല്ലാ ജീവകോശത്തിന്റെയും ന്യൂക്ളിയസ്സിലുള്ള ഭീമന്‍ തന്‍മാത്രയാണ്‌ DNA.